Get Back Issues:
കോവിഡ്: പത്തനംതിട്ടയില്‍ രോഗമുക്തരായ കുടുംബം ആശുപത്രിവിട്ടു
By ABK Editor On Monday|30-Mar-2020
പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ മൂന്നു പേരടക്കം പത്തനംതിട്ടയിൽ കോവിഡ് സ്ഥിരീകരിച്ച അഞ്ചുപേര്‍ ആശുപത്രി വിട്ടു. പത്തനംതിട്ട റാന്നി അയത്തലയില്‍ ഒരു കോമ്പൗണ്ടിലുള്ള രണ്ട് കുടുംബങ്ങളിലെ അഞ്ച് പേര്‍ക്കായിരുന്നു അസുഖം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറാം തീയതി മുതല്‍ ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. ഇവര്‍ ആസ്പത്രി ജീവനക്കാരോടും ചികിത്സാ രീതികളോടും നല്ല രീതിയിലാണ് സഹകരിച്ചിരുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ജനറൽ ആശുപത്രിയിലെ നഴ്സുമാരും ആരോഗ്യപ്രവർത്തകരും വികാരനിർഭര യാത്രയയപ്പാണ് അവർക്കു നൽകിയത്. ആശുപത്രിയുടെ ഇടനാഴിയിലൂടെ അവർ പുറത്തേക്കു നടന്നപ്പോൾ ഇരുവശത്തും നിന്ന് ആരോഗ്യ പ്രവർത്തകർ കൈയ്യടിച്ചു. 5 പേർക്കും മധുരം നൽകി. കലക്ടർ പി.ബി.നൂഹ്, ഡിഎംഒ ഡോ.എ.എൽ.ഷീജ, റീജനൽ മെഡിക്കൽ ഓഫിസർ ഡോ.ആശിഷ് മോഹൻ, രോഗികളെ ചികിത്സിച്ച ഡോ.ശരത്ത്, ഡോ. നസ്‍ലിം തുടങ്ങിയവർ വിജയാഹ്ലാദം പങ്കുവച്ചു. അതേസമയം, ഇറ്റലിയില്‍ നിന്ന് എത്തിയ ശേഷം പൊതുവേദികളില്‍ എത്തിയത് അറിവില്ലായ്മ കൊണ്ടാണെന്ന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം പറഞ്ഞു. ജീവനോടെ മടങ്ങാമെന്ന് കരുതിയില്ലെന്നും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും എല്ലാവര്‍ക്കും നന്ദിയെന്നും രോഗം മാറി വീട്ടിലേക്ക് മടങ്ങുന്ന കുടുംബം പറഞ്ഞു.

രോഗം ഭേദമായവർ 14 ദിവസം കൂടി ഇവർ വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയണം. ഇറ്റലി കുടുംബവമായി സമ്പർക്കം പുലർത്തിയ 2 പേർക്കുകൂടി ഇനി രോഗം ഭേദമാകാനുണ്ട്. ഇവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വയോധികരായ മാതാപിതാക്കളുടെ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ആശുപത്രി വിട്ടിട്ടില്ല. രോഗമുക്തരായവരെ ഒറ്റപ്പെടുത്തരുതെന്ന് കലക്ടർ പി.ബി.നൂഹ് ആവശ്യപ്പെട്ടു.

സമ്മാനങ്ങള്‍ നല്‍കിയാണ് ആശുപത്രി ജീവനക്കാര്‍ ഇവരെ യാത്രയാക്കിയത്. കേക്ക്, ഇന്ന് രാത്രിയിലേക്കുള്ള ഭക്ഷണം, നാളെ ആഹാരം പാകം ചെയ്ത് കഴിക്കാന്‍ ആവശ്യമായ ധാന്യങ്ങളും പച്ചക്കറികളും ഒക്കെ അടങ്ങുന്ന കിറ്റാണ് സമ്മാനമായി നല്‍കിയത്. നഴ്‌സ്മാരും ആരോഗ്യപ്രവര്‍ത്തകരും ഇവരെ യാത്രയാക്കാന്‍ ആസ്പത്രിയുടെ പുറത്ത് എത്തിയിരുന്നു.