Get Back Issues:
മദ്യവിതരണ ഉത്തരവ് ​ഹൈക്കോടതി സ്റ്റേ ചെയ്തു
By ABK Editor On Thursday|2-Apr-2020
കൊച്ചി: സംസ്ഥാനത്ത് മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മദ്യാസക്തിയുള്ളവർക്ക് മരുന്നായി മദ്യം നൽകിയാൽ എങ്ങനെ ആസക്തി കുറയുമെന്നും ഡോക്ടർമാരാണ് രോഗികൾക്ക് എന്ത് ചികിത്സയാണ് നൽകേണ്ടതെന്നു തീരുമാനിക്കേണ്ടത് എന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മൂന്നാഴ്ചത്തേയ്ക്ക് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. ടി.എൻ.പ്രതാപൻ എംപിയുടെ ഹർജിയിൽ മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.

ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരാൾക്ക് ആഴ്ചയിൽ മൂന്ന് ലിറ്റർ മദ്യം ലഭ്യമാക്കാമെന്നായിരുന്ന സർക്കാരിന്റെ ഉത്തരവ്. ഡോക്ടർമാർ മദ്യം കുറിക്കില്ലെങ്കിൽ പിന്നെ ഉത്തരവുകൊണ്ട് എന്ത് പ്രയോജനമെന്നും കോടതി ചോദിച്ചു. അതേസമയം ഈ ലോക്ഡൗൺ കാലഘട്ടത്തിൽ മദ്യാസക്തിയുടെ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് മരുന്നായി നൽകാനുള്ള തീരുമാനത്തെ ന്യായീകരിച്ചുള്ള വാദങ്ങളാണ് ഹൈക്കോടതിയിൽ ഉയർത്തിയത്.

ലോക്ഡൗണിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ആറു പേർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സർക്കാർ മദ്യവിതരണം അ‌നുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഡോക്ടർമാർ മദ്യാസക്തിയുള്ളവരെന്ന് സാക്ഷ്യപ്പെടുത്തിയാൽ ഇന്നു മുതൽ മദ്യം വീടുകളിൽ എത്തിച്ചു നൽകാനായിരുന്നു സർക്കാർ തീരുമാനം. മദ്യ വിതരണത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ നിലപാട് ലോക്ഡൗണിന് വിരുദ്ധമാണെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഐഎംഎ ഉ​ൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘടനകൾ സർക്കാർ ഉത്തരവിന് എതിരെ രംഗത്തെത്തിയിരുന്നു. ഡോക്ടർമാരുടെ ധാർമികയെ ചോദ്യം ചെയ്യുന്നതാണ് ഉത്തരവ് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Poll Booth
Which Career Path after +2 ?
Online Test