കേരളത്തില്‍ രണ്ടാമത്തെ കോവിഡ് മരണം

തിരുവനന്തപുരം: കൊറോണ വൈറസ് മൂലം കേരളത്തില്‍ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പോത്തൻകോട്ട് വാവറമ്പലത്ത് മുൻ എഎസ്ഐ അബ്ദുൾ അസീസ് (69) ആണ് മരിച്ചത്. ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഐസലേഷൻ വാർഡിൽ ഹൃദയാഘാതവും പക്ഷാഘാതവും വന്നു. ഉയർന്ന രക്ത സമ്മർദവും തൈറോയിഡ് പ്രശ്നങ്ങളും ഉണ്ടായിരുന്നു. വൃക്കകളുടെ പ്രവർത്തനവും തകരാറിലായി. ഡയാലിസിസും നടത്തി. 5 ദിവസമായി ജീവൻ നിലനിർത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.
അതേസമയം, രോഗബാധ എങ്ങനെയെന്നു വ്യക്തമല്ല. വിദേശയാത്ര നടത്തിയിട്ടില്ല. രോഗബാധിതരുമായി ഇടപഴകിയിട്ടുമില്ല. മാർച്ച് അഞ്ചിനും 23നും ഇടയിൽ വിവാഹ, സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു. പങ്കെടുത്ത പ്രാർഥനകളിലെ ആൾ സാന്നിധ്യവും പരിശോധനയിൽ. സംസ്കാരം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം നടത്തും.