Get Back Issues:
റാന്നിയിലെ വയോധിക ദമ്പതിമാർ ആശുപത്രി വിട്ടു: ഇന്ത്യയിൽ കോവിഡ് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയയാൾ
By ABK Editor On Friday|3-Apr-2020
കോട്ടയം: കോവിഡ് 19 സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക ദമ്പതികളും ആരോഗ്യ പ്രവർത്തകയും രോഗം ഭേദമായി ആശുപത്രി വിട്ടു. വെള്ളിയാഴ്ച വൈകിട്ടു മൂന്നു മണിയോടെയാണ് ഇവർ ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു മടങ്ങിയത്. പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് (93) ഭാര്യ മറിയാമ്മ (88) എന്നിവരാണ് വീട്ടിലേക്കു മടങ്ങിയത്. വീട്ടിലെത്തിയതിനു ശേഷം 14ദിവസം കൂടി ഇവര്‍ നിരീക്ഷണത്തില്‍ തുടരും.

കോവിഡ് 19 ബാധിച്ച ശേഷം രോഗം ഭേദമായി മടങ്ങുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയയാളാണു തോമസ് എന്ന 93കാരൻ. രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗം പിടിപെട്ട ആരോഗ്യ പ്രവർത്തകയും ആശുപത്രി വിട്ടു. ആംബുലന്‍സില്‍ ഇരുവരെയും റാന്നിയിലേക്കുള്ള വീട്ടിലേക്കാണ് കൊണ്ടുപോയത്. കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് മുതിര്‍ന്ന നഴ്‌സുമാരും ഇവര്‍ക്കൊപ്പം വീട്ടിലേക്ക് പോയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ കൈവീശിയാണ് ഇവരെ യാത്രയാക്കിയത്.

ഇറ്റലിയില്‍നിന്നെത്തിയ കുടുംബവുമായുള്ള സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് കൊറോണ ബാധിച്ചത്. മാര്‍ച്ച് എട്ടിനാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ഇരുവര്‍ക്കും പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസ്വസ്ഥകളും ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ മികച്ച പരിചരണത്തിലൂടെ ഇരുവരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരികയായിരുന്നു.

Poll Booth
Which Career Path after +2 ?
Online Test