Get Back Issues:
പാലായില്‍ അമ്മയുടെ മൃതദേഹം ഓടയിൽ തള്ളിയ മകൻ പൊലീസ് പിടിയിലായി
By ABK Editor On Sunday|8-Mar-2020
പാലാ: അമ്മയുടെ മൃതദേഹം ഓടയിൽ തള്ളിയ മകൻ പൊലീസ് പിടിയിലായി. മൃതദേഹം സംസ്കരിക്കാൻ സ്ഥലം ഇല്ലാതിരുന്നതിനെ തുടർന്നാണു മൃതദേഹം ഓടയിൽ തള്ളിയതെന്ന് മകൻ. അതേസമയം അമ്മയുടെ പേരിലുള്ള വസ്തു 10 വർഷം മുൻപ് വിറ്റത് 60 ലക്ഷം രൂപയ്ക്കാണെന്നു പൊലീസ് പറഞ്ഞു. മാവേലിക്കര ചെട്ടിക്കുളങ്ങര അമലാ ഭവൻ‍ പരേതനായ ബേബിയുടെ ഭാര്യ അമ്മുക്കുട്ടിയുടെ (76) മൃതദേഹം ഓടയിൽ തള്ളിയ സംഭവത്തിൽ മകൻ അലക്സ് ബേബി (46) ആണ് അറസ്റ്റിലായത്. പാലാ- തൊടുപുഴ ഹൈവേയിൽ കാർമൽ ആശുപത്രി റോഡിന് എതിർവശത്തെ കലുങ്കിന് സമീപം 5ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മുക്കുട്ടിയും മകൻ അലക്സും ചിങ്ങവനത്തെ സ്വകാര്യ ലോഡ്ജിലാണ് 3 വർഷമായി താമസിച്ചിരുന്നത്.

ഈ മാസം നാലിന് ഉച്ചയ്ക്ക് 12നാണ് അമ്മുക്കുട്ടി മരിച്ചത്. രാത്രി 9ന് മൃതദേഹം ലോഡ്ജ് മുറിയിൽ നിന്നെടുത്ത് അലക്സ് സ്വന്തം കാറിൽ കയറ്റി. അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയിൽ കൊണ്ടുപോവുകയാണന്നും ലോഡ്ജ് ജീവനക്കാരോടു പറഞ്ഞു. പിന്നീട് വിവിധ സ്ഥലങ്ങളിലൂടെ കറങ്ങി പാലാ-തൊടുപുഴ റോഡിൽ കലുങ്കിനോടു ചേർന്നു കാട്ടുചെടികൾ നിറഞ്ഞ ഓടയിൽ രാത്രി 12 മണിയോടെ തള്ളുകയായിരുന്നു.


പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കാറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് അലക്സിലെത്തിച്ചത്. അന്വേഷണത്തിൽ കെഎൽ 7 എആർ 6690 കാർ പാലായിലെ‍ പേ ആൻഡ് പാർക്കിൽ ഉണ്ടെന്നു വിവരം ലഭിച്ചു. പൊലീസ് സംഘം പാർക്കിങ് മൈതാനിയിലെ ജീവനക്കാരുടെ വേഷത്തിൽ കാത്തു നിന്നു. ഇന്നലെ കാർ എടുക്കാനായി അലക്സ് എത്തിയപ്പോൾ പിടികൂടുകയായിരുന്നു. മൃതദേഹം ഓടയിൽ തള്ളിയശേഷം വിവിധ സ്ഥലങ്ങളിലൂടെ കറങ്ങിയശേഷം അലക്സ് പാലായിലെ മറ്റൊരു ലോഡ്ജിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു.