ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യ സഹായം നൽകിയെന്ന് സംശയിച്ച് അമേരിക്ക. സംഭവത്തിൽ അമേരിക്കൻ ഇൻ്റലിജൻസ് ഏജൻസികൾ അന്വേഷണം തുടങ്ങി. മാർച്ചിൽ നടന്ന ആക്രമണങ്ങളിൽ ഉപയോഗിച്ച സാങ്കേതികവിദ്യയുടെ കൃത്യതയെക്കുറിച്ചും അത്യാധുനിക സംവിധാനങ്ങളുടെ ഉപയോഗത്തെക്കുറിച്ചും വലിയ സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം.
ഇറാനും റഷ്യയും തമ്മിലുള്ള സൈനിക പങ്കാളിത്തം കണക്കിലെടുത്ത് റഷ്യ ഇറാനാവശ്യമായ സാങ്കേതികമായ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടോ എന്ന കാര്യമാണ് യുഎസ് അന്വേഷിക്കുന്നത്. സൗദി അറേവ്യയിലെ യുഎസ് എംബസിയിലെ സിഐഎ സ്റ്റേഷനും കിഴക്കന്‍ ഇറാഖിലെ മറ്റൊരു കേന്ദ്രവുമാണ് മാര്‍ച്ചില്‍ നടന്ന ആക്രമണങ്ങളില്‍ ഇറാന്‍ ലക്ഷ്യമിട്ടത്. ഈ കേന്ദ്രങ്ങളുടെ കൃത്യമായ വിവരങ്ങള്‍ എങ്ങനെ കൃത്യമായി ഇറാന് ലഭിച്ചു എന്നതാണ് യുഎസ് അന്വേഷിക്കുന്നത്.
ഇറാന്റെ ഷാഹേദ് 136 ഡ്രോണുകളുടെ കൃത്യത വര്‍ധിപ്പിക്കുന്നതിനായി റഷ്യ കോമേറ്റ - എം എന്ന സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം നല്‍കിയതായാണ് യുഎസ് സംശയിക്കുന്നത്. ഇറാന്‍ സാധാരണ നടത്തുന്ന ആക്രമളേക്കാള്‍ കൃത്യതയുള്ളതായിരുന്നു മാര്‍ച്ചിലെ ആക്രമണങ്ങള്‍. റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായത് അതിവിദഗ്ധമായ ആക്രമണമായിരുന്നു. 2 ഷാഹേദ് ഡ്രോണുകളാണ് ഇതിനായി ഉപയോഗിച്ചത്.