ന്യൂഡല്‍ഹി: ധർമേന്ദ്ര പ്രധാൻ രാജിയെ തുടർന്ന് പ്രഹ്‌ളാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധിക ചുമതല നൽകി. രാഷ്ട്രപതി ദ്രൗപദി മുർമു ധർമേന്ദ്ര പ്രധാന്‍റെ രാജി സ്വീകരിച്ചതിനു പിന്നാലെയാണ് നിലവിലെ വകുപ്പുകൾക്ക് പുറമെ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ചുമതല കൂടി പ്രഹ്‌ളാദ് ജോഷിക്ക് നൽകാൻ ഉത്തരവിട്ടത്.
പ്രഹ്‌ളാദ് ജോഷി നിലവിൽ ഉപഭോക്തൃ കാര്യം, ഭക്ഷ്യം, പൊതുവിതരണം, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജം എന്നീ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയാണ്. കൂടാതെ ഇന്‍റർനാഷണൽ സോളാർ അലയൻസിന്‍റെ പ്രസിഡന്‍റായും അദ്ദേഹം സേവനമനുഷ്‌ഠിക്കുന്നുണ്ട്.
കോക്രോച്ച് ജനത പാർട്ടിയുടെയും (സിജെപി) പ്രതിപക്ഷത്തിൻ്റെയും നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ ഒരു മാസത്തിലേറെയായി തുടരുന്ന യുവജനപ്രക്ഷോഭത്തിന് മുന്നിലാണ് കേന്ദ്ര സർക്കാർ ഒടുവിൽ മുട്ടുമടക്കിയത്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെത്തുടർന്ന് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൾ നടത്തിയ ഏറ്റവും ശക്തമായ പോരാട്ടത്തിനൊടുവിൽ കൂടിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവച്ചത്. പരീക്ഷാ അഴിമതികളുടെ പേരിൽ ഒരു കേന്ദ്രമന്ത്രിക്ക് പദവി ഒഴുവാക്കേണ്ടി വരുന്നത് സമീപകാല ചരിത്രത്തിൽ ആദ്യമായാണ്. കഴിഞ്ഞ ദിവസം വരെ ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ.
മന്ത്രിയെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും മാറ്റി മറ്റൊരു വകുപ്പ് നൽകാൻ സർക്കാർ ശ്രമിച്ചെങ്കിലും, വകുപ്പ് മാറ്റമല്ല രാജിയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സിജെപിയും ഒരുപോലെ ശക്തമായി ആവശ്യപ്പെട്ടു. സിജെപി പ്രതിനിധികളായ സൗരഭ് ദാസ്, അശുതോഷ് റാങ്ക എന്നിവരുമായി കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവർ നടത്തിയ ചർച്ചയിൽ രാജി ഒഴികെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ പ്രധാന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രക്ഷോഭകർ ഉറപ്പിച്ചു പറഞ്ഞതോടെ മൂന്നാംഘട്ട ചർച്ചയ്ക്ക് മുൻപ് തന്നെ മന്ത്രിക്ക് രാജിവയ്‌ക്കുകയായിരുന്നു.