By
ABK Editor On Saturday|28-Mar-2020 കൊച്ചി: കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ (69) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ദുബായില്‍നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച് 16-നാണ്. കടുത്ത ന്യുമോണിയ ലക്ഷണങ്ങളെ തുടര്‍ന്ന് 22-ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് മരിച്ചതെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ അറിയിച്ചു.മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്കരിക്കും
ഇയാളുടെ ഭാര്യയും എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേയക്ക് കൊണ്ടുവന്ന ടാക്‌സി ഡ്രൈവറും കോവിഡ് 19 രോഗബാധിതരാണ്. ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിലെ 49 യാത്രക്കാർ നിരീക്ഷണത്തിലാണ്. കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാത്തതിനാൽ റൂട്ട് മാപ്പ് തയാറാക്കിയിരുന്നില്ല.ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം മട്ടാഞ്ചേരിയിലുള്ള ആരാധനാലയത്തില്‍ പ്രോട്ടോക്കോള്‍ പ്രകാരം ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കും. കൂടുതല്‍ പേര്‍ സംസ്‌കാരത്തിന് എത്തരുത് എന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.