റിസോർട്ടിൽനിന്നു മുങ്ങിയ ബ്രിട്ടിഷ് പൗരനെ കൊച്ചി വിമാനത്താവളത്തിൽ പിടിച്ചു

കൊച്ചി: കോവിഡ് ബാധിതനാണെന്നതു വെളിപ്പെടുത്താതെ നാട്ടിലേക്കു കടക്കാൻ ശ്രമിച്ച ബ്രിട്ടിഷ് പൗരനെ (57) വിമാനത്താവളത്തിൽനിന്നു പിടികൂടി. മൂന്നാറിലെ ഹോട്ടലിൽനിന്നു മുങ്ങി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണു പിടിയിലായത്.
കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കളമശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി; ഭാര്യയെയും ഇവിടെയാക്കി. ഒപ്പമുണ്ടായിരുന്ന മറ്റു 17 വിദേശികൾ നെടുമ്പാശേരിയിലെ ഹോട്ടലിൽ നിരീക്ഷണത്തിലാണ്. ഇന്നലെ രാവിലെ 9.30നുള്ള വിമാനത്തിൽ ദുബായ് വഴി ബ്രിട്ടനിലേക്കു പോകാനാണ് ഇവരെത്തിയത്. ബ്രിട്ടിഷ് പൗരനുമായി ഇടപഴകിയ വിമാനത്താവള ജീവനക്കാരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി.